തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിക്കേസിൽപ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസിന് ഗവർണർ അനുമതി നൽകിയതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ അനുമതിയുടെ പേരിൽ അറസ്റ്റ്ചെയ്യാനാകില്ലെന്നും അറസ്റ്റ് ഒഴിവാക്കാൻ സ്പീക്കറെ സമീപിക്കില്ലെന്നും മുൻമന്ത്രി വിശദീകരിച്ചു.
കരാർ വ്യവസ്ഥ തീരുമാനിച്ചത് ഉദ്യോഗസ്ഥരാണെന്നും എല്ലാം മന്ത്രി അറിയണമില്ലെന്നും സാധാരണഗതിയിലുള്ള നടപടിക്രമം മാത്രമാണിതെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേർത്തു. അതേസമയം, അഴിമതി കേസ് വിവിധ ഘട്ടങ്ങളായാണ് വിജിലൻസ് അന്വേഷിക്കുന്നത്.
കരാറുകാരന് ചട്ടങ്ങൾ ലംഘിച്ച് മുൻകൂറായി പണം അനുവദിച്ചു എന്ന കണ്ടെത്തലിൽ നിന്നാണ് ഇബ്രാഹിം കുഞ്ഞിലേക്ക് അന്വേഷണം എത്തുന്നത്. ഇക്കാലയളവിൽ മന്ത്രി സമ്പാദിച്ച സ്വത്തുകളുടെ തെളിവുകൾ വിജിലൻസിന് ലഭിച്ചിരുന്നു. കൃത്യമായ തെളിവുകൾ ലഭിച്ചശേഷമാണ് മന്ത്രിയെ പ്രതിചേർത്ത് അന്വേഷിക്കാമെന്ന തീരുമാനത്തിൽ വിജിലൻസ് എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാറിനോട് അനുമതി തേടുന്നത്. ഇത് സംബന്ധിച്ച് വിജിലൻസ് സർക്കാറിന് കത്തയച്ചിരുന്നു. മൊബലൈസേഷൻ ഫണ്ട് അനുവദിച്ചതിൽ ഇടപെട്ടതിൽ ഇബ്രാഹിം കുഞ്ഞിനെതിരെ കൃത്യമായ തെളിവുകൾ വിജിലൻസിന്റെ പക്കൽ ഉണ്ട്. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജിന്റെ മൊഴിയും കരാറുകാരൻ സുമിത് ഗോയലിന്റെ ലാപ്ടോപ്പിൽ ആർക്കൊക്കെ പണം നൽകിയതിന്റെ വിവരങ്ങളും ഉണ്ട്. സെൻട്രൽ ഫോറൻസിക് ലാബിലും സ്റ്റേറ്റ് ഫോറൻസിക് ലാബിലും അയച്ച് വിവരങ്ങൾ ഡീകോഡ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. ഇത്തരത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഇബ്രാഹിംകുഞ്ഞിന് എതിരാണ്.
Discussion about this post