കൊച്ചി: മരടില്‍ പൊളിച്ചു നീക്കിയ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപ്പാര്‍ട്‌മെന്റ് ഉണ്ടായിരുന്ന സിനിമാ സംവിധായകന്‍ അമല്‍ നീരദിന് നഷ്ടപരിഹാരം നല്‍കും. അമല്‍ നീരദിനും മറ്റ് മൂന്നു അപ്പാര്‍ട്‌മെന്റ് ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് എതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം.
25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ നഷ്ടപരിഹാര സമിതിയുടേതാണ് തീരുമാനം. ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങിയവര്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നായിരുന്നു നേരത്തെ കമ്മീഷന്റെ നിലപാട്. ഇതിനെതിരെയയാണ് അമല്‍നീരദ് കോടതിയെ സമീപിച്ചത്. എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
പൊളിച്ച ഫ്‌ലാറ്റുകളില്‍ ഒന്നിലേറെ അപ്പാര്‍ട്‌മെന്റ് ഉള്ളവര്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി കൂടുതല്‍ തുക നല്‍കേണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ അപ്പാര്‍ട്ട്‌മെന്റിനും 25ലക്ഷം രൂപ വീതം നല്കുകയാണെങ്കില് അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 1.25കോടതി രൂപ നല്‌കേണ്ടിവരും. ഇങ്ങനെ ചെയ്യാന്‍ സുപ്രീംകോടതി ഉദ്ദേശിച്ചിട്ടില്ലെന്ന് സമിതി നിരീക്ഷിച്ചു.