തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് വീണ്ടും ആരോപിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം. ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചതിനു പിന്നാലെയാണ് റിപ്പോർട്ടിനെ തള്ളി ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും യുഡിഎഫ്-എൽഡിഎഫ് സർക്കാരുകൾ ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൗ ജിഹാദുമായി ബന്ധപ്പെട്ട്, കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടാലും സംസ്ഥാന സർക്കാർ വേണ്ട നിലയിലുള്ള റിപ്പോർട്ട് നൽകുന്നില്ലെന്നാണ് കൃഷ്ണദാസിന്റെ ആരോപണം. ഇക്കാര്യത്തിൽ സിറോ മലബാർ സഭയുടെ ആരോപണം സത്യമാണ്. ശക്തമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, ലൗ ജിഹാദ് കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും, യാഥാർത്ഥ്യമാണെന്നും ആവർത്തിച്ച് കാത്തലിക് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്. ലൗ ജിഹാദ് ഇല്ലെന്ന് വരുത്തി തീർക്കാൻ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സഭ പരാതികളുന്നയിച്ചത്. അത് തെറ്റെന്ന് പറയാൻ ആർക്കും സാധിക്കില്ലെന്നാണ് കാത്തലിക് ഫെഡറേഷന്റെ വാദം.
ഇന്ത്യൻ പീനൽ കോഡിൽ ലൗ ജിഹാദ് എന്ന വാക്കില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നാണ് കാത്തലിക് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് പി പി ജോസഫ് പറയുന്നത്. എന്നാൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി, രേഖാമൂലം ബെന്നി ബെഹനാൻ എംപിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. അതേസമയം, അമിത് ഷാ ഭരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പോലും വിശ്വാസത്തിലെടുക്കാതെയാണ് സംസ്ഥാനത്തെ ബിജെപിയും സിറോ മലബാർ സഭയും രംഗത്തെത്തിയിരിക്കുന്നത്.