പത്തനംതിട്ട: ആറ് വര്‍ഷമായി കേരളത്തില്‍ മേസ്തിരി പണി എടുത്ത് നടന്ന ബംഗാള്‍ സ്വദേശിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കണ്ണൊന്ന് അടച്ച് തുറന്നപ്പോള്‍ ലക്ഷപ്രഭുവായതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഇപ്പോള്‍ ഹപീസ് ആലത്ത്. ഹപീസ് കേരളത്തിലെത്തിയിട്ട് ഇപ്പോള്‍ ആറു വര്‍ഷമാകുന്നു. ഇവിടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുമ്പോഴാണ് ഹപീസിന് ഭാഗ്യദേവതയുടെ കടാക്ഷം.
കേരള സര്‍ക്കാരിന്റെ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് ഭാഗ്യം ഹപീസ് ആലത്തിനെ തുണച്ചത്. 65 ലക്ഷം രൂപയാണ് ഹപീസിന് ലഭിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി പത്തനംതിട്ട പഴകുളത്താണ് ഇദ്ദേഹത്തിന്റെ താമസം. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ഹപീസ് ആലത്ത് ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.
തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് പഴകുളത്തുള്ള ആര്‍ക്കോ ലോട്ടറി അടിച്ചതായി ഹപീസ് ആലത്ത് അറിഞ്ഞത്. പിന്നാലെ നമ്പറുകള്‍ തമ്മില്‍ ഒത്തുനോക്കിയപ്പോള്‍ ഭാഗ്യം തുണയ്ക്കുകയായിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് പഴകുളം എസ്ബിഐ ശാഖയില്‍ ഏല്‍പിച്ചു.
Discussion about this post