എരുമപ്പെട്ടി: കൊറോണ ഭീതിയില്‍ തൃശ്ശൂര്‍ നഗരം അതീവ ജാഗ്രതയിലാണ്. പൊതുചടങ്ങുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി തരുന്ന നിര്‍ദേശങ്ങള്‍ പാലിച്ചും കൊറോണ പ്രതിരോധത്തിലാണ് സംസ്ഥാനം. ഇപ്പോള്‍ അത്തരത്തിലൊരു വിവാഹചടങ്ങാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. താലികെട്ട് ഒഴിവാക്കി ചടങ്ങുകളും സദ്യയും മറ്റും നല്‍കുകയായിരുന്നു.
വരനും വധുവും അവരവരുടെ വീടുകളില്‍ തന്നെ ഇരിക്കുകയായിരുന്നു. ശേഷം എല്ലാ ചടങ്ങുകളും നടത്തി സദ്യയും നടത്തുകയായിരുന്നു. കടങ്ങോട് പഞ്ചായത്തിലാണ് വരന്റെ വീട്. ചൈനയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായ വരന് വിവാഹത്തിനായി രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണു വരന് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ടും രോഗലക്ഷണങ്ങള്‍ ഇല്ലാതെ വന്നതോടെ വിവാഹ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു.
എന്നാല്‍ ചൈനയില്‍ നിന്നെത്തിയവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പൊതുചടങ്ങുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് കര്‍ശന നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചതോടെ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. 2 ദിവസം മുന്‍പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി വിവാഹം മാറ്റിവയ്ക്കണമെന്നു നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ നിന്നും ഡിഎംഒ ഓഫീസില്‍ നിന്നും കര്‍ശന നിര്‍ദേശം വന്നതോടെ വിവാഹം നീട്ടിവെയ്ക്കുകയായിരുന്നു. താലികെട്ട് നിരീക്ഷണ പരിധിയായ 28 ദിവസത്തിനു ശേഷം നടത്തും.
Discussion about this post