തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രത പുലര്‍ത്തുകയാണ് കേരളം. വേണ്ട നിര്‍ദേശങ്ങള്‍ നല്കി ആരോഗ്യവകുപ്പും മന്ത്രിയും സജീവമായി രംഗത്തുണ്ട്. ഇതോടെ കൊറോണയില്‍ നിന്ന് കേരളം മുക്തമാകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. പുതിയ കേസുകള്‍ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ ആശുപത്രികളിലായി ഇതുവരെ 100 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കൂടാതെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 100 പേര് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ 2321 പേരാണ് വീടുകള്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ഇന്‍ക്വിബേഷന്‍ സമയം കഴിഞ്ഞാല്‍ മാത്രമേ സ്ഥിതി പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാകുവെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൈനയില്‍ നിന്ന് വന്നവര്‍ വീടുകളില്‍ തന്നെ തങ്ങണം.
നിരീക്ഷണത്തില്‍ ഉള്ളവര്‍ വിദേശത്ത് പോയത് ശരിയല്ല. ആരോഗ്യവകുപ്പിനെ അറിയിക്കാതെ പോകരുത്. അവര്‍ എങ്ങനെയാണ് പോയതെന്ന് അറിയില്ലെന്നും ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെകൂടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമാനമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ഇവരുടെ പരിശോധനാഫലം പുറത്ത് വന്നിട്ടില്ല.
Discussion about this post