കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന രണ്ട് പേര് വിദേശത്തേക്ക് പോയി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കാതെയാണ് വിദേശത്തേക്കു പോയത്. കോഴിക്കോട് നഗരത്തില്‍ മാത്രം നിരീക്ഷണത്തിലുള്ള അറുപതോളം പേരില്‍ രണ്ടുപേരാണ് ഇവര്‍. വിദേശത്തേക്ക് പോയവരെ തിരിച്ചു കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
കോഴിക്കോട് കാവിലുംപാറയില്‍ മൂന്നുപേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ധ്യാനത്തിനും മറ്റൊരാള്‍ വേറൊരിടത്തേക്കും പോയി. ഫോണില്‍ പോലും ഇവരെ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതില്‍ ധ്യാനത്തിനു പോയ ആളെ പകുതിവഴിക്കു വെച്ച് തിരികെ കൊണ്ടുവരാന്‍ ആരോഗ്യവകുപ്പിനു സാധിച്ചു. മറ്റേയാളെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് പറഞ്ഞ സമയക്രമത്തിനുള്ളില്‍ (28ദിവസം) പുറത്തുപോകുന്നത് ആരോഗ്യവകുപ്പിന് തലവേദനയാകുകയാണ്. സമൂഹം ഒറ്റപ്പെടുത്തുമോയെന്ന ഭയം കാരണം ചൈനയില്‍ നിന്നെത്തിയ പല വിദ്യാര്‍ഥികളും വിവരം മറച്ചുവെക്കുന്ന സാഹചര്യവുമുണ്ട്. കോഴിക്കോട് ജില്ലയില്‍ 310 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ മൂന്നുപേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്.
Discussion about this post