കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയത്തെതുടര്‍ന്ന് രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിലവില്‍ മൂന്ന് പേരാണ് ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കലക്ടര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥി ഉള്‍പ്പടെ 86 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇവരില്‍ 83 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 5 പേരുടെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയുടെ സഹപാഠിയുടെ സാംപിള്‍ കൂടി ഉണ്ടെന്നാണ് വിവരം.
കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ 34 ഐസലോഷന്‍ മുറികള്‍ സജീകരിച്ചു. കൂടാതെ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.