ന്യൂഡൽഹി: കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് നിരന്തരം ആരോപിക്കുന്ന കെസിബിസിക്കും കേരളത്തിലെ ബിജെപിക്കും ഒടുവിൽ സമാധാനിക്കാം. കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭയിൽ ബെന്നി ബെഹ്നാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷൻ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ലൗ ജിഹാദില്ലെന്ന് കേരള സംസ്ഥാന സർക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ സിറോ മലബാർ സഭ ലൗ ജിഹാദ് ഉണ്ടെന്ന് നിലപാടെടുത്തതോടെയാണ് സംശയം വീണ്ടും ഉയർന്നുവന്നത്. ഇതോടെയാണ് ചോദ്യവുമായി എംപി രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം.
കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻഐഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
നേരത്തെ സിറോ മലബാർ സഭ സിനഡിലും കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും ക്രിസ്ത്യൻ പെൺകുട്ടികൾ ഐഎസിലേക്ക് ഇതുവഴി എത്തിപ്പെടുകയാണെന്നും ആരോപിച്ചിരുന്നു. സംസ്ഥാന സർ്കകാരും പോലീസും ഇതിനോട് വേണ്ടവിധത്തിൽ ഗൗരവം നൽകുന്നില്ലെന്നായിരുന്നു സിനഡിൽ ഉയർന്ന അഭിപ്രായം ഇതിന് പിന്നാലെ, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സർക്കാരിന്റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട് ആരോപിച്ചിരുന്നു.