കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ഒരേ വിമാനത്തിലെ യാത്രക്കാര്‍; രോഗ ബാധിതര്‍ക്കൊപ്പം എത്തിയ മുഴുവന്‍ വിദ്യാര്‍ഥികളും നിരീക്ഷണത്തില്‍

ആലപ്പുഴ: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരും വുഹാനില്‍ നിന്നും ഒരോ വിമാനത്തില്‍ നാട്ടിലെത്തിയവര്‍. ജനുവരി 24-ന് കേരളത്തിലെത്തിയ 36 പേരില്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്രചെയ്തവരാണെന്ന് റിപ്പോര്‍ട്ട്.

നിലവില്‍ തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാര്‍ഥിയില്‍നിന്നാണ് ഇവരുടെയെല്ലാം മേല്‍വിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്.

വിദ്യാര്‍ഥികള്‍ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്കിയിട്ടുണ്ട്. ഭൂരിഭാഗംപേരെയും വീടുകളില്‍ത്തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.മെഡിക്കല്‍ കോളേജിനുപുറമേ ജില്ലാ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Exit mobile version