നീണ്ടൂര്‍: വീടിനകത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് ഭയന്ന് വീട്ടുകാര്‍.
സ്‌ഫോടകശബ്ദം കേട്ടതിനു പിന്നാലെ വീടിന്റെ ടൈലുകള്‍ പൊട്ടിമാറുകയും ചെയ്തു. പ്രതിഭാസം അന്വേഷിക്കണമെന്ന് വീട്ടുടമ റവന്യു അധികൃതര്‍ക്ക് കത്ത് നല്‍കി. നീണ്ടൂര്‍ കലമ്പിള്ളിലാണ് സംഭവം.
പുത്തന്‍പുരയില്‍ പീടികയില്‍ പ്രഭാകരന്റെ വീടിന്റെ തറയിലെ ടൈലുകളാണ് പൊട്ടിമാറുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ടിവി കാണവെയാണു ഭൂമിക്കടിയില്‍ പടക്കം പൊട്ടുന്നതു പോലെയുള്ള ശബ്ദം കേട്ടു തുടങ്ങിയത്. പിന്നീട് 6 ടൈലുകള്‍ മുകളിലേക്ക് ഉയര്‍ന്നു പൊട്ടി. വീട്ടുകാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വീടിനുള്ളില്‍ പരിശോധിച്ചു.
അടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചതോടെയാണ് വീട്ടുകാര്‍ക്കു ഭയമായത്. തുടര്‍ന്നു വില്ലേജ് ഓഫിസില്‍ പരാതി നല്‍കി. വില്ലേജ് ഓഫിസര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ക്ക് കൈമാറി. ഇതിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്തണമെന്നാണു വീട്ടുകാരുടെ ആവശ്യം. സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു റവന്യൂ അധികൃതര്‍ പറഞ്ഞു.