തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടിയാണ് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി.
കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലങ്ങള്‍ കാത്തിരിക്കുകയാണെന്നും സഭയെ അറിയിച്ചു. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.
Discussion about this post