കൊല്ലം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി കൊല്ലം ചന്ദനത്തോപ്പിൽ നടത്തിയ ജനജാഗരൺ യാത്രയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അറസ്റ്റിന് സാധ്യത. കണ്ടാലറിയാവുന്ന അമ്പത് പേർക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കല്ലേറിൽ പോലീസുകാർ ഉൾപ്പടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു.
കൊല്ലം ചന്ദനത്തോപ്പിൽ ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തിയ ജനജാഗരണ റാലിക്ക് നേരെ വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പേരും എസ്ഡിപിഐ പ്രവർത്തകരാണ്. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും.
അതേസമയം, ആക്രമണത്തിൽ പരിക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി വിട്ടു. സംഭവവുമായി ബന്ധമുള്ള ചിലർ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. അതേസമയം, ചന്ദനതോപ്പിൽ ഉണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, അക്രമസംഭവവുമായി സിപിഎം പ്രവർത്തകർക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവം നിർഭാഗ്യകരമാണെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ അറിയിച്ചു.