ആലപ്പുഴ: കേരളത്തിൽ കൊറോണ സംശയിച്ച രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി.
രോഗി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ചൈനയിൽ നിന്നെത്തിയ മൂന്ന് പേരിൽ ഒരാൾക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമത്തെ കൊറോണ കേസിന്റെ വിശദമായ പരിശോധന റിപ്പോർട്ട് ലഭിച്ചു. ആശങ്ക വേണ്ട, ഭയക്കാതെ ഒന്നിച്ച് നേരിടാമെന്ന് കെകെ ശൈലജ പറഞ്ഞു. ഇന്ന് മുതൽ ആലപ്പുഴയിൽ തന്നെ എല്ലാം പരിശോധനകളും നടത്താൻ സജ്ജീകരണം ഒരുക്കി കഴിഞ്ഞു. ആലപ്പുഴയിൽ 124 പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലർത്തും.
രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുൻകരുതൽ നടപടിയുമായി പൂർണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ദിവസമാണ് ഇൻകുബേഷൻ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post