ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. തൃശ്ശൂരിന് പിന്നാലെ ആലപ്പുഴയിലും ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അവിടെ ഉന്നതല യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ ജില്ലയില്‍ മാത്രം 120 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നും ചൈന, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഒരു കാരണവശാലും കാര്യങ്ങള്‍ മറച്ചുവെയ്ക്കരുതെന്നും തൊട്ടടുത്ത ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണമെന്നും ഷൈലജ ടീച്ചര്‍ അറിയിച്ചു.
ഇന്‍ക്വുബേഷന്‍ പിരീഡ് 28 ദിവസമാണ്. അത്രയും ദിവസം വീടുകളില്‍നിന്ന് പുറത്തേക്ക് പോകരുതെന്നും ഇത്തരം വീടുകളില്‍ സത്കാരമോ ചടങ്ങുകളോ നടത്തരുതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഡോ. രത്തന്‍ ഖേല്‍ക്കര്‍ ആലപ്പുഴയില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുന്നൊരുക്കങ്ങള്‍ 14 ഭാഗങ്ങളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനായി ഓരോരുത്തരെ ചുമതലപ്പെടുത്തി.എല്ലാദിവസവും വൈകുന്നേരം എല്ലാ വിഭാഗം ആളുകളുടെയും യോഗം ചേരും. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. യോഗത്തിന് ശേഷം എല്ലാ ദിവസവും രാത്രി ഏഴിന് ജില്ലയിലെ സ്ഥിതി മാധ്യമങ്ങളെ അറിയിക്കുമെന്നും മന്ത്രി വിശദീകരിച്ചു.