മങ്കൊമ്പ്: മങ്കൊമ്പ് തെക്കേക്കരയ്ക്ക് സമീപം എസി റോഡിൽ നിന്നും നിയന്ത്രണം വിട്ട ലോറി സമാപത്തെ വീട്ടിലേക്ക് പാഞ്ഞുകയറി വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ എസി റോഡിലാണ് അപകടമുണ്ടായത്. പതിനെട്ടിൽ ചിറയിൽ രാജമ്മയാണ് ലോറിയുടെ ഇടിയുടെ ആഘാതത്തിൽ ഭിത്തിപൊട്ടി കിടന്നിരുന്ന കട്ടിലിലേക്ക് വീണ് മരണപ്പെട്ടത്.
സംഭവത്തിന് രണ്ടുദിവസം മുമ്പാണ് രാജമ്മ വീട്ടിലെത്തിയത്. പാലക്കാട് സഹോദരന്റെ ചെറുമകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പോയ രാജമ്മ വ്യാഴാഴ്ച വൈകീട്ടാണ് മങ്കൊമ്പിലെ വീട്ടിൽ തിരിച്ചെത്തിയത്. ശനിയാഴ്ച പുലർച്ചേ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
‘വലിയ ശബ്ദംകേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. വീടാകെ ഇരുട്ടായിരുന്നു. അപ്പുറത്തുനിന്ന് അമ്മേ എന്നൊരു നിലവിളി കേട്ടു. ഓടിയെത്തുമ്പോൾ ഭർത്താവിന്റെ അമ്മയായ രാജമ്മ ഭിത്തിക്കക്ഷണങ്ങളുടെയും ജനൽപ്പാളിയുടെയും അടിയിൽ കിടക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ ഞാനും രണ്ട് പെൺമക്കളും പേടിച്ചുപോയി’- രാജമ്മയുടെ മരുമകൾ ബിന്ദു പറയുന്നു. സംഭവംകണ്ട് റോഡിലൂടെ ബൈക്കിൽപ്പോയ മീൻവിൽപ്പനക്കാരനായ സജിയാണ് ആദ്യം ഓടിയെത്തിയത്. ഇരുവരുംചേർന്ന് പൊക്കിമാറ്റാൻ നോക്കിയിട്ടും സാധിച്ചില്ല. തുടർന്ന് പോലീസെത്തിയാണ് രാജമ്മയെ പുറത്തെടുത്തത്.
മതിലില്ലാത്ത വീട്ടിലേക്ക് അമിതവേഗത്തിൽ പാഞ്ഞുവന്ന ലോറി സമീപത്തെ സ്ഥലസൂചികയും വൈദ്യുതി പോസ്റ്റും തകർത്താണ് വീടിന് മുൻവശത്തിടിച്ചത്. വണ്ടിയുടെ പിൻവശത്തെ ചക്രങ്ങൾ വീടിനുമുന്നിലെ ഓടയിൽ കുടുങ്ങിയതോടെയാണ് വണ്ടി നിന്നതെന്നാണ് സമീപവാസികൾ പറയുന്നത്. അല്ലാത്തപക്ഷം ബിന്ദുവും മക്കളും ഉറങ്ങിക്കിടന്നിരുന്ന മുറിയും ഇടിച്ചുതകർക്കുമായിരുന്നു. വൈദ്യുതി ലൈനുകൾ റോഡിൽ പൊട്ടിവീണു
വീട് പൂർണമായും തകർന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽപ്പെടുത്തി കുടുംബത്തിന് വീട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച കുട്ടനാട് തഹസിൽദാർ ടിഐ വിജയസേനൻ പറഞ്ഞു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post