ബജറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി; ഇത് സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനം: ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: രണ്ടാം മോഡി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ കേരളത്തെ തഴഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന് മതിയായ പ്രാധാന്യം നൽകിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിമർശിച്ചു. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് മന്ത്രി തുറന്നടിച്ചു.

ബജറ്റ് ചരിത്രത്തിൽ ഇതുപോലൊരു തിരിച്ചടി കേരളത്തിനുണ്ടായിട്ടില്ല. കേരളത്തെ അറിഞ്ഞ് ശ്വാസം മുട്ടിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്തിന്റെ നികുതി വിഹിതത്തിൽ നടപ്പുവർഷത്തേക്കാൾ 2636 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതുമൂലം സംസ്ഥാന ബജറ്റിൽ അധിക വിഭവ സമാഹരണത്തിന് വേണ്ട നടപടികളെടുക്കാൻ നിർബന്ധിതമാകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കഴിഞ്ഞ ബജറ്റിന്റെ ആവർത്തനമാണ്. കഴിഞ്ഞ വർഷത്തെ ഫലം തന്നെയാണ് ഈ ബജറ്റിനും സംഭവിക്കുക. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കുറയാനല്ല, മറിച്ച് മൂർച്ഛിക്കാനാണ് പോകുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Exit mobile version