തൃശ്ശൂർ: കൊറോണ പടരുന്ന സാഹചര്യത്തിൽ ചൈനയിൽനിന്നും തിരിച്ചെത്തിയിട്ടും ആശുപത്രിയിൽ പോകാനോ പനി ബാധിച്ചിട്ടും റിപ്പോർട്ട് ചെയ്യാനോ കൂട്ടാക്കാതെ വിദ്യാർത്ഥിനി. പെൺകുട്ടി ആശുപത്രിയിലെത്താതെ വീട്ടിൽ പ്രാർത്ഥനയുമായി കഴിഞ്ഞത് മെഡിക്കൽ സംഘത്തെ കുഴക്കി.
ഇപ്പോൾ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയോടൊപ്പമാണ് ഈ വിദ്യാർത്ഥിനിയും തൃശ്ശൂരിലെത്തിയത്. ഇവിടെ എത്തിയ ശേഷം പനിബാധിച്ചു. എന്നാൽ, ചികിത്സയിൽ വിശ്വാസമില്ലാത്ത ഈ വിദ്യാർത്ഥിനി ഡോക്ടർമാരെ കാണാൻ തയ്യാറായില്ല. രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാർത്ഥിനിയെക്കുറിച്ചു വിവരം കിട്ടിയത്.
വിമാനത്തിൽ രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്തത് 52 പേരായിരുന്നു. ഇവരിൽ ഈ വിദ്യാർത്ഥിനി മാത്രമാണ് ആശുപത്രിയിൽ എത്താതിരുന്നത്. മെഡിക്കൽ സംഘം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനിയും വീട്ടുകാരും ഫോൺ എടുക്കാൻ തയ്യാറായില്ല.
ഒടുവിൽ നേരിട്ട് വീട്ടിൽവന്ന് മൂന്നുമണിക്കൂർ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. വിദ്യാർത്ഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യബാങ്കിൽ നിന്നും സഹപ്രവർത്തകർ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു. ബോധവത്കരണത്തിനുശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കിൽ അറസ്റ്റുചെയ്യാനായിരുന്നു നീക്കം.
Discussion about this post