തൃശ്ശൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കാണാതായ ബാഗും അതിലെ തന്റെ പ്രയത്‌നത്തേയും കാത്തിരിക്കുകയാണ് കാലടി സംസ്‌കൃത സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ പി മജീദ്. ഏഴു വർഷം നീണ്ട ഗവേഷണത്തിന്റെ കണ്ടെത്തലുകളും പിഎച്ച്ഡിക്കു വേണ്ടി തയാറാക്കിയ പ്രബന്ധവുമെല്ലാം അടങ്ങിയ ലാപ്‌ടോപ്പും രേഖകളുമാണ് നഷ്ടപ്പെട്ട ആ ബാഗിലുള്ളത്. ജീവിതത്തിലെ നല്ലൊരു കാലമത്രയും ചെലവഴിച്ച് കഷ്ടപ്പെട്ട് നടത്തിയ ഗവേഷണം പാഴാകാതിരിക്കണമെങ്കിൽ ആ ബാഗ് മോഷ്ടിച്ചയാൾ കനിയണം.
ഗവേഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രീ സബ്മിഷൻ അവതരണം കഴിഞ്ഞു മടങ്ങവെയാണ് ബാഗ് മോഷണം പോയത്. അവതരണത്തിനായി വന്നതിനാൽ എല്ലാ രേഖകളും പ്രബന്ധവും ലാപ്‌ടോപ്പിലുണ്ടായിരുന്നു. വിവരങ്ങളടങ്ങിയ പെൻഡ്രൈവും ബാഗിലുണ്ട്.
ബാഗിലെ പണവും മറ്റെന്തുമെടുത്താലും ആ ലാപ്‌ടോപ്പും രേഖകളും തിരികെ നൽകണേയെന്നാണ് മജീദിന്റെ അഭ്യർത്ഥന. തൃശ്ശൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ലാപ്‌ടോപ്പും പെൻഡ്രൈവും തിരിച്ചു കിട്ടിയില്ലെങ്കിൽ ഏഴുവർഷത്തെ കഷ്ടപ്പാടുകൾ പാഴാകും. മലപ്പുറം ജില്ലയിലെ പുത്തനത്താണി ബസ് സ്റ്റോപ്പിൽ വച്ച് മറ്റാരോ മജീദിന്റെ ബാഗ് എടുത്തുകൊണ്ടുപോയെന്നാണു പിന്നീടുള്ള അന്വേഷണത്തിൽ മനസിലായത്. അമേരിക്കൻ ടൂറിസ്റ്ററിന്റെ കറുത്ത ബാഗാണ് നഷ്ടമായത്. പകരം മറ്റൊരു ബാഗ് ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ താക്കോലും ബാഗിലുണ്ടായിരുന്നു. മജീദിന്റെ നമ്പർ 9809243709.
Discussion about this post