പെരിന്തൽമണ്ണ: കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ നിന്നും പെരിന്തൽമണ്ണ സ്വദേശി ഉൾപ്പടെയുള്ളവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന് സൂചന. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഇവരോട് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായിരിക്കാൻ ഇന്ത്യൻ എംബസി അറിയിച്ചതായാണ് പെരിന്തൽമണ്ണ സ്വദേശി അക്ഷയ്പ്രകാശ് (23) വീട്ടിൽ അറിയിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ വെള്ളക്കോട്ടിൽ പ്രകാശിന്റെ മകനായ അക്ഷയ് വ്യാഴാഴ്ച വൈകീട്ട് പിതാവിനെ അറിയിച്ചതാണ് ഇക്കാര്യം.
എയർ ഇന്ത്യയുടെ ജംബോ സർവീസ് ഇന്ത്യക്കാരെ കൊണ്ടുവരാനായി ചൈനയിലേക്ക് പുറപ്പെട്ടിരുന്നു. വുഹാനിലും പരിസരങ്ങളിലുമുള്ള ഇന്ത്യക്കാരോട് മടങ്ങാൻ തയ്യാറായിരിക്കാനാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടത്തെ വിമാനത്തിൽ ഇവരേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയാണ് അക്ഷയ് പങ്കുവെച്ചത്. അതേസമയം വിമാനം എപ്പോൾ എത്തുമെന്നോ ഇന്ത്യയിൽ എവിടേക്കാണ് എത്തിക്കുകയെന്നോ തുടങ്ങിയ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിമാനത്താവളത്തിൽ എത്തിച്ചാൽ വൈദ്യപരിശോധന നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കിൽ ചികിത്സയ്ക്ക് വിധേയമാകാൻ സന്നദ്ധത അറിയിച്ചുമുള്ള സമ്മതപത്രം എംബസി അധികൃതർക്ക് നൽകിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥികൾ നൽകുന്ന വിവരം. ട
ഇവരുടെ കൂടെയുണ്ടായിരുന്ന അമേരിക്കൻ വിദ്യാർത്ഥികളെ കഴിഞ്ഞദിവസം യുഎസ് എംബസി അധികൃതർ രക്ഷപ്പെടുത്തിയതായി അക്ഷയ് പറഞ്ഞു. പത്ത് ദിവസത്തിലേറെയായി കണ്ണിന്റെ ഭാഗമൊഴികെ മൂടിക്കെട്ടിയാണ് ക്യാംപസിനുള്ളിൽത്തന്നെ കഴിയുന്നത്. രോഗബാധയുടെ ഉറവിടത്തിൽനിന്ന് 20 കിലോമീറ്റർ മാറിയാണ് കോളേജ് കാമ്പസ്. മൂന്നുകിലോമീറ്ററോളം ചുറ്റളവിലുള്ള ക്യാംപസിലേക്ക് പുറത്തുനിന്ന് ആരെയും കടത്തിവിടുന്നില്ല. അകത്തുനിന്ന് കുട്ടികളാരും പുറത്തേക്ക് പോകുന്നുമില്ല. അവധിയായതിനാൽ കുറെ വിദ്യാർത്ഥികൾ വുഹാൻ ക്യാംപസിൽനിന്ന് നേരത്തെ മടങ്ങിയിരുന്നു. വുഹാൻ സിറ്റിയിലെ ഹുബെയ് യൂണിവേഴ്‌സിറ്റിയിലാണ് അക്ഷയ് പഠിക്കുന്നത്.
Discussion about this post