തൃശ്ശൂര്‍: ചൈനയിലെ ജനങ്ങളുടെ ജീവന് എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനം വീണ്ടും ഭീതിയുടെ നിഴലിലാണ്. കോഴിക്കോടിനെ ഭയപ്പെടുത്തിയ നിപ്പാ വൈറസില്‍ നിന്നും മുക്തി നേടിയതിനു പിന്നാലെയാണ് മറ്റൊരു വൈറസ് ബാധ കൂടി കേരളത്തെ ബാധിച്ചിരിക്കുന്നത്.
എന്നാല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പ്രതിരോധ നടപടികളുമായി സര്‍ക്കാരും സജ്ജമായി കഴിഞ്ഞു. കഴിഞ്ഞ അഞ്ച് മണിക്കൂറിനുള്ളില്‍ ഒരുക്കിയത് 17ഓളം ഐസൊലോഷന്‍ വാര്‍ഡുകളാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളാണ് തൃശ്ശൂരില്‍ നടത്തുന്നത്. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പേവാര്‍ഡ് ബ്ലോക്കാണ് ഐസൊലേഷന്‍ വാര്ഡായൊരുക്കിയത്. ഇവിടെ 17 മുറികളാണ് തയ്യാറാക്കിയത്. 24 പേരെ ഒരേസമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം ശൗചാലയങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇതു കൂടാതെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ മറ്റൊരു വിദ്യാര്‍ത്ഥിയും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ഇവിടെ അഞ്ച് വിദ്യാര്‍ത്ഥികളാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ചൈനയില്‍നിന്ന് ഒരുമിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയവരാണിവര്‍.
ഇവരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി പനി ലക്ഷണങ്ങളോടെയാണ് എത്തിയത്. ശേഷം ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയും കൊറോണ സാധ്യത മുന്‍നിര്‍ത്തി ആശുപത്രിയിലെത്തിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. ഇവരില്‍ മൂന്നുപേരുടെ രക്തപരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ വിട്ടയക്കുകയും ചെയ്തു. ഒരാളുടെ ഫലം ലഭിക്കാത്തതിനാല്‍ ആണ് ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ത്ഥി ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നത്. കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചേക്കാം എന്ന സാധ്യത മുന്‍നിര്‍ത്തി തൃശ്ശൂര്‍ ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ജാഗ്രതയോടെ സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post