തിരുവനന്തപുരം: മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കി സംസ്ഥാന ആരോഗ്യവകുപ്പ്. നിലവില്‍ രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്.
ഇവരെ ഉടനെ തൃശ്ശൂര്‍ മെഡി.കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കൊറോണ വൈറസ് വ്യാപിച്ച വുഹാന്‍ നഗരത്തില്‍ പഠിക്കുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.
അതേസമയം, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുമായി ഇടപെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിയതായി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് ഗോബ്രഗഡേ അറിയിച്ചു. ബാക്ക് ട്രാക്കിംഗ് എന്ന് പേരിട്ട ഈ പ്രക്രിയയിലൂടെ ചൈനയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ആശുപത്രിയിലെത്തും വരെയും രോഗി ആരോടൊക്കെ ഇടപെട്ടു എന്നു കണ്ടെത്താന്‍ സാധിക്കും.
ബാക്ക് ട്രാക്കിംഗ് പൂര്‍ത്തിയാക്കുമ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. കേരളത്തില്‍ നിലവില്‍ 806 പേര്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് രാവിലെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായും കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഇതോടെ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കി.
യോഗത്തില്‍ സംസ്ഥാനത്തെ കണ്ണൂര്‍, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കൂടി കൊറോണ നിരീക്ഷണ സംവിധാനം സജ്ജമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി.
Discussion about this post