കല്പറ്റ: ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയേക്കേണ്ട ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് വന്ന് ചേര്‍ന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച ഓരോരുത്തരോടും ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ പറയാന്‍ ആരാണ് നരേന്ദ്ര മോഡിയെന്നും രാഹുല്‍ ചോദിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി വയനാട്ടില്‍ സംഘടിപ്പിച്ച റാലിക്ക് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനിച്ച് വീണവരോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ പറയാന്‍ ആരാണ് മോഡിയെന്നും മോഡിക്ക് ആരാണ് അതിന് അധികാരം നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു.
ഇന്ത്യക്കാരായി ഈ മണ്ണില്‍ ജനിച്ച് വീണ 130 കോടി ജനങ്ങള്‍ക്കും ആരുടേയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അഭിപ്രായം പറയുന്നവരേയും വിശ്വാസം തുറന്ന് പറയുന്നവരേയും വെടിവെച്ച് കൊല്ലുകയും അക്രമിക്കുകയും ചെയ്യുന്നു. മോഡി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളേ മാത്രമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതിനുള്ള തെളിവാണ് എല്ലാ തുറമുഖങ്ങളും ഇതിനോടകം അദാനിക്ക് വിറ്റ് കഴിഞ്ഞതും ബിഎസ്എന്‍എല്‍ അടച്ച് പൂട്ടാന്‍ പോകുന്നതും ഭാരത് പെട്രോളിയവും എയര്‍ഇന്ത്യയും വില്പനക്ക് വെച്ചിരിക്കുന്നതും സ്വകാര്യവത്കരണ പാതയിലുള്ള റെയില്‍വേയെന്നും രാഹുല്‍ വ്യക്തമാക്കി. ‘നരേന്ദ്ര മോഡി ഭരിക്കുന്ന ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ല. നിങ്ങള്‍ക്ക് ഇവിടെ എത്ര പഠിച്ചാലും ഒരു ജോലിയും ലഭിക്കാന്‍ പോകുന്നില്ല. ദിനംപ്രതി ഒരോ തൊഴിലും നഷ്ടപ്പെട്ട് വരികയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
Discussion about this post