തൃശ്ശൂര്‍: ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെമാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നമ്മുടെ രാജ്യം ഇന്നെത്തി നില്ക്കുന്ന ചരിത്ര സന്ധിയില്‍ ഗാന്ധിജിയെ തമസ്കരിക്കാനുള്ള ശ്രമം മാത്രമല്ല നടക്കുന്നത്, അദ്ദേഹം എതിര്‍ത്തിരുന്ന ആശയങ്ങളെ അദ്ദേഹത്തിന്റെ പേര് പറഞ്ഞു ന്യായീകരിച്ചെടുക്കാനുള്ള ഉദ്യമങ്ങളാണ് അരങ്ങേറുന്നത്. പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ചരിത്ര നിഷേധം മാത്രമല്ല ഗാന്ധിജിയോട് കാട്ടുന്ന കുറ്റകൃത്യം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേര്‍ന്ന ഈ മണ്ണില്‍ മതവര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ല. മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്തസാക്ഷി ദിനത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രമര്പ്പിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്;
ഗാന്ധിജി വര്‍ഗീയ തീവ്രവാദിയുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചത് 72 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും അതിന്റെ നേര്‍വിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെമാറ്റാന്‍ സംഘപരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു യഥാര്‍ത്ഥ ദേശസ്നേഹികള്‍ക്ക് അതിനെ മറികടക്കാന്‍ കഴിയണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തമസ്കരിക്കുവാനും അതുമായി ബന്ധപ്പെട്ട വസ്തുതകള്‍ വക്രീകരിക്കുവാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. അത് അനുവദിച്ചു കൊടുത്തുകൂടാ.
ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയെ അഹിംസയിലും സാമ്രാജ്യത്വ വിരുദ്ധതയിലും മതേതരത്വത്തിലും അടിയുറപ്പിച്ചു നിര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യം എന്ന ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചത് ലോക രാഷ്ട്രങ്ങള്‍ ആശ്ചര്യത്തോടെയാണ് എക്കാലവും ഓര്‍ക്കുന്നത്. ലോകമെമ്പാടും നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള ജനാധിപത്യ സമരമുഖങ്ങളില്‍ ഗാന്ധിജി ഇന്നും സാന്നിധ്യമാവുന്നത് അദ്ദേഹം ഉയര്‍ത്തി പിടിച്ച മൂല്യങ്ങളുടെ ശക്തിയാണ് കാണിക്കുന്നത്.
നമ്മുടെ രാജ്യം ഇന്നെത്തി നില്ക്കുന്ന ചരിത്രസന്ധിയില്‍ ഗാന്ധിജിയെ തമസ്കരിക്കാനുള്ള ശ്രമം മാത്രമല്ല നടക്കുന്നത്, അദ്ദേഹം എതിര്‍ത്തിരുന്ന ആശയങ്ങളെ അദ്ദേഹത്തിന്റെ പേര് പറഞ്ഞു ന്യായീകരിച്ചെടുക്കാനുള്ള ഉദ്യമങ്ങളാണ് അരങ്ങേറുന്നത്. പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ചരിത്ര നിഷേധം മാത്രമല്ല ഗാന്ധിജിയോട് കാട്ടുന്ന കുറ്റകൃത്യം കൂടിയാണ്. ഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേര്‍ന്ന ഈ മണ്ണില്‍ മതവര്‍ഗ്ഗീയവാദികള്‍ക്ക് സ്ഥാനമില്ല. മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രക്തസാക്ഷി ദിനത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു.
Discussion about this post