നടക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം; നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു കരാറുകാര്‍ ഒളിവില്‍

കൊച്ചി; നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടവുമായി ബന്ധപ്പട്ട് കിഴക്കേകര കരയോഗം ഭാരവാഹികളായ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വെടിക്കെട്ട് നടത്തിയവര്‍ ഒളിവിലാണ്.

അപകടത്തില്‍ കരാര്‍ എടുത്തവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുക്കള്‍ റോഡില്‍ നിന്ന് 100 മീറ്റര്‍ അകലെ സ്ഥാപിക്കണമെന്നാണ് നിബന്ധന. എന്നാല്‍ നടക്കാവില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത് പതിനഞ്ച് മീറ്റര്‍ മാത്രം അകലെയാണ്. ഇത് ചട്ടം ലംഘിച്ചുള്ള നടപടിയാണ്. മുന്നൂറോളം അമിട്ടുകള്‍ പൊട്ടിയിട്ടില്ലെന്നും ഇവ നിര്‍വീര്യമാക്കിയെന്നും എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ അറിയിച്ചു.

ചാലക്കുടിയിലെ സ്റ്റീഫന്‍ ഫയര്‍ വര്‍ക്സാണ് നടക്കാവില്‍ കരാര്‍ ഏറ്റെടുത്തത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ പതിനേഴ് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ അധികവും സ്ത്രീകളാണ്.

Exit mobile version