കല്‍പ്പറ്റ: വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ കടയുടമയുടെ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്റ്റോക്ക് മറിച്ചുവിറ്റശേഷം കടയുടമ വി അഷറഫ് പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നുവെന്ന് കണ്ടെത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെള്ളമുണ്ട മൊതക്കര റേഷന്‍ കടയില്‍ വന്‍ മോഷണം നടന്നെന്ന പരാതി ലഭിച്ചത്. കടയുടമയായ അഷ്‌റഫാണ് പരാതി നല്‍കിയത്. റേഷന്‍ കടയുടെ പൂട്ട് പൊട്ടിച്ചാണ് മോഷണം എന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങളാണ് മോഷണം പോയതെന്നും ഇയാള്‍ പോലീസില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത്രയധികം ധാന്യം രാത്രി ഒറ്റയടിക്ക് എങ്ങനെ മോഷ്ടാക്കള്‍ കടയില്‍നിന്നും കടത്തിയെന്നു സംശയം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വെള്ളമുണ്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫിന്റെ പരാതി വ്യാജമാണെന്ന് കണ്ടത്തിയത്. ധാന്യമത്രയും കൂടുതല്‍ വിലയ്ക്ക് മറിച്ചു വിറ്റശേഷം ഇയാള്‍ പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നുവെന്ന് വെള്ളമുണ്ട സിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
വ്യാജ പരാതി നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചതിന് അഷറഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇയാളുടെ പേരിലുള്ള ലൈസന്‍സ് നേരത്തെ ജില്ലാ സപ്ലൈ ഓഫീസര്‍ റദ്ദാക്കിയിരുന്നു.
Discussion about this post