തൃശ്ശൂര്‍: മതിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച് മില്ലുടമ. ഒളരിക്കരയിലെ ബാര്‍ ഹോട്ടലിന് സമീപമാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ നാട്ടുകാരെയും മില്ലുടമയും സഹായികളും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. മണിക്കൂറുകള്‍ നീണ്ട ബഹളത്തിനൊടുവിലാണ് കഞ്ചാവിന് അടിമയാണെന്ന് സംശയിക്കുന്ന മില്ലുടമയെ പോലീസ് കീഴ്‌പ്പെടുത്തിയത്.
ബാറില്‍ മദ്യപിച്ച് ഇറങ്ങിയവരാണ് തടിമില്ലിന്റെ മതിലില്‍ മൂത്രമൊഴിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ക്ഷുഭിതനായ മില്ലുടമ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരെത്തിയതോടെ വടിവാള്‍ വീശിയും കുപ്പിയും കല്ലുമെറിഞ്ഞും ഇയാള്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു.
പോലീസ് എത്തിയിട്ടും ഇയാളെ നിയന്ത്രിക്കാനായില്ല.
മില്ലുടമ സഹായികളേയും കൂട്ടി ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. മണിക്കൂറുകളോളമാണ് സംഘര്‍ഷാന്തരീക്ഷം നിലനിന്നത്. ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിഞ്ഞു. പോലീസ് പ്രതിയെ പിടികൂടിയെങ്കിലും ഇയാളല്ല യഥാര്‍ത്ഥ പ്രതിയെന്ന് നാട്ടുകാര്‍ ആരോപിച്ചതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ബഹളത്തിനൊടുവില്‍ പോലീസ് മില്ലുടമയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
മില്ലുടമ മനോദൗര്‍ബല്യമുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഞ്ചാവിന് അടിമയാണ് ഇയാളെന്നാണ് പറയപ്പെടുന്നത്. നാട്ടുകാര്‍ക്ക് നേരെ ഇതിന് മുന്‍പും ഇയാള്‍ വളര്‍ത്തു നായയെ അഴിച്ചു വിട്ടതായി നാട്ടുകാര്‍ പറയുന്നു.
Discussion about this post