തിരൂർ: ജാതിയോ മതമോ അതിർവരമ്പുകൾ സൃഷ്ടിക്കാത്ത നന്മയുടെ നേർക്കാഴ്ചയായി തിരൂർ ഏഴൂർ കൊറ്റംകുളങ്ങര ശിവപാർവ്വതി ക്ഷേത്രത്തിലെ ഉത്സവം. ഒരു നൂറ്റാണ്ടായി മുടങ്ങി കിടന്ന ഉത്സവമാണ് ജനകീയ കൂട്ടായ്മ അതിഗംഭീരമായി ആഘോഷമാക്കി കൊണ്ടാടിയത്. ഉത്സവ കമ്മിറ്റിയിൽ ഹൈന്ദവർക്കൊപ്പം മുസ്ലിങ്ങളും അംഗങ്ങളായാണ് ഉത്സവം കേമമാക്കിയത്. 100 വർഷം മുമ്പ് മുടങ്ങിയ ഭഗവതിയാട്ട് ക്ഷേത്ര ഉത്സവമാണ് ഏഴൂർ ഗ്രാമം നാടിന്റെ ജനകീയ ആഘോഷമാക്കിയത്.
മുടങ്ങിയ ഉത്സവം ജനകീയമായി നടത്താനായിരുന്നു ക്ഷേത്ര പ്രശ്നവിധി പ്രകാരം അറിയിച്ചത്. ഇതോടെ ഉത്സവം നടത്തുന്നതിനായി എല്ലാ വിഭാഗങ്ങളും ഒരുമയോടെ രംഗത്തെത്തി. തുടർന്ന് ക്ഷേത്ര മുറ്റത്ത് വെച്ച് തന്നെ യോഗം ചേർന്ന് നടത്തിപ്പിനുള്ള കമ്മിറ്റി രൂപീകരിച്ചു. ഏഴൂരിലെ പുരാതന മുസ്ലിം കുടുംബങ്ങളിലെ കാരണവൻമാരും യുവാക്കളും കമ്മിറ്റി ഭാരവാഹികളായി. ഇതോടെ ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് ഉത്സവത്തിനും ക്ഷേത്രത്തിൽ നടന്ന സ്നേഹസദ്യയിലും പങ്കാളികളായത്.
പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, നഗരസഭാധ്യക്ഷൻ കെ ബാവഹാജി, കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഗായകൻ കെ ഫിറോസ് ബാബു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സാരഥികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ക്ഷേത്രോസ്തവത്തിൽ പങ്കെടുക്കാൻ എത്തി. ഉത്സവ കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല, കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ പറൂർ, എകെ സെയ്താലിക്കുട്ടി, കെ സുനിൽ കുമാർ, അജേഷ് പറൂർ എന്നിവർ ചേർന്ന് അതിഥികൾക്ക് സ്വീകരണം ഒരുക്കി.
800 വർഷം മുമ്പ് വെട്ടത്ത് രാജാവ് സേവകർക്കായി പണിത ക്ഷേത്രത്തിലെ ഒരു നൂറ്റാണ്ട് മുമ്പ് മുടങ്ങിയ ഉത്സവമാണ് തിരൂരിലെ ജനങ്ങളുടെ മത മൈത്രിയുടെ കരുത്തിൽ വീണ്ടും ആഘോഷമായത്.
Discussion about this post