കൊച്ചി: സംസ്ഥാനത്തേയും സിനിമാ മേഖലയേയും പിടിച്ചുകുലുക്കിയ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് വിസ്താരം ആരംഭിക്കും. ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. കേസ് പരിഗണിക്കാൻ വനിത ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. കൊച്ചി സിബിഐ കോടതി ജഡ്ജിയാണ് വാദം കേൾക്കുക. കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് അവസരവും നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് 136 സാക്ഷികളായാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. അക്രമണത്തിന് ഇരയായ നടിയെയും വിസ്തരിക്കും. അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെ പകർത്തുന്നതിൽ നിന്നും കോടതി വിലക്കിയിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാർ മറ്റ് രണ്ട് പ്രതികളുമായി ചേർന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സംഭവം നടിയെ ആക്രമിച്ച് കേസിനൊപ്പം വിചാരണ നടത്തരുതെന്നും രണ്ടും രണ്ട് കേസായി പരിഗണിച്ച് പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപ് അനാവശ്യ ഹർജി നൽകി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു. കേസിൽ അടുത്ത ദിവസമാണ് ഹൈക്കോടതി വിധി.
Discussion about this post