ചെറുതുരുത്തി: കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്നും ഓടി രക്ഷപ്പെട്ട കവർച്ചാക്കേസ് പ്രതിയെ ഒടുവിൽ ഷൊർണ്ണൂരിൽ വെച്ച് പിടികൂടി. കണ്ണൂരിലെ മാതൃഭൂമി ജീനക്കാരനായ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച കേസിലെ പ്രതിയും ബംഗ്ലാദേശ് സ്വദേശിയുമായ മണിക് സർദാറിനെയാണ് ഷൊർണ്ണൂരിലെ നമ്പ്രത്ത് നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസമാണ് ഇയാൾ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടത്. രണ്ട് കൈയിലും ഉണ്ടായിരുന്ന വിലങ്ങ് ഊണ് കഴിക്കുന്നതിനുവേണ്ടി അഴിച്ചപ്പോഴായിരുന്നു ഇയാൾ ഓടി രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സംഭവം. നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിൽനിന്നാണ് മൂന്ന് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തേക്ക് ചാടിയത്. പൈങ്കുളം റെയിൽവേ ഗേറ്റിനും കലാമണ്ഡലം റെയിൽവേ മേൽപ്പാലത്തിനും ഇടയിലുള്ള ഭാഗത്ത് തീവണ്ടി വേഗം കുറച്ചപ്പോഴായിരുന്നു സംഭവം.
അതേസമയം, ഓടുന്നതിനിടെ മുണ്ട് നഷ്ടപ്പെട്ട ഇയാളെ കുറിച്ച് നാട്ടുകാരും വിവരം നൽകിയിരുന്നു. മണിക് ഉൾപ്പെട്ട സംഘം കണ്ണൂരിലേതിന് സമാനമായ കവർച്ച തൃപ്പൂണിത്തുറയിലും നടത്തിയിരുന്നു. ഇതിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ കണ്ണൂർ ജയിലിൽ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാൾക്ക് സഹതടവുകാരുടെ മർദനമേറ്റ് പരിക്ക് പറ്റിയിരുന്നു. ഇതേത്തുടർന്നാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാനായി ചൊവ്വാഴ്ച രാവിലെ കൊണ്ടുപോയത്. എറണാകുളത്ത് നോർത്ത് പോലീസ് സ്റ്റേഷനിലും ഒന്നിലധികം കവർച്ചകൾക്ക് മണിക്കിന്റെ പേരിൽ കേസുണ്ട്. കവർച്ചാക്കേസുകൾക്ക് പുറമേ ഇയാൾ കൊലപാതകക്കേസിലും പ്രതിയാണെന്നാണ് വിവരം.
2018 സെപ്റ്റംബർ ആറിനാണ് കണ്ണൂരിൽ കവർച്ച നടത്തി മണിക് സർദാർ ഹൂബ്ലിയിലേക്ക് കടന്നത്. ഇയാളെ ഇവിടെ വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ബംഗ്ലാദേശ് സ്വദേശികളായ കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post