കൊച്ചി: കൊച്ചി മെട്രോയുടെ പില്ലറില്‍ നിന്നും രക്ഷപ്പെടുത്തിയ ‘മെട്രോ മിക്കി’ എന്ന പൂച്ചക്കുട്ടിയെ ഇടപ്പള്ളി സ്വദേശിനി റിഷാനയ്ക്കു കൈമാറി. ഒരാഴ്ച്ചയോളം പില്ലറില്‍ കുടുങ്ങിക്കിടന്ന പൂച്ചയെ ജനുവരി 19 നാണ് ഫയര്‍ ഫോഴ്‌സും, മൃഗസ്‌നേഹികളും കൂടി രക്ഷിച്ചത്. രക്ഷപ്പെട്ടതു മുതല്‍ പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയിലായിരുന്നു പൂച്ചക്കുട്ടി. സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (ടജഇഅ) അധികൃതരാണ് പൂച്ചയ്ക്ക് മെട്രോ മിക്കി എന്ന് പേരിട്ടത്. ടാബി ഇനത്തില്‍ പെട്ട പൂച്ചക്കുഞ്ഞാണിത്.
മെട്രോ മിക്കിയെ ദത്തെടുക്കാന്‍ നിരവധി ആള്‍ക്കാരാണ് എത്തിയത്. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ രംഗത്തെത്തിയിരുന്നു. വീട്ടിലെ വളര്‍ത്തു പൂച്ചകളെ നഷ്ടപ്പെട്ടവരും രക്ഷിതാക്കള്‍ മുഖേന കുട്ടികളും ‘മെട്രോ മിക്കി’യെ ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു.
പൂച്ചക്കുട്ടിയെ നല്ലതുപോലെ നോക്കി വളര്‍ത്താന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ കൈമാറുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച് ഉചിതമായവരെ കണ്ടെത്തുമെന്ന് സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരില്‍ നിന്ന് ഏറ്റവും ഉചിതമെന്ന് വ്യക്തമായ റിഷാനയ്ക്ക് പൂച്ചയെ കൈമാറിയത്. സംരക്ഷണ ചുമതല ഏറ്റെടുത്ത് സത്യവാങ്മൂലം സമര്‍പ്പിച്ചശേഷമാണ് ഔപചാരികമായി പൂച്ചക്കുട്ടിയെ കൈമാറിയത്.
Discussion about this post