തൃശ്ശൂര്‍: നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. രമേശ് ചെന്നിത്തല തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കെ സുരേന്ദ്രന്റെ പറഞ്ഞു.
അത് കേരളത്തിനു ബോധ്യമായി എന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കെ സുരേന്ദ്രന് രംഗത്ത് വന്നത്. ‘രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്.’- കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ‘ഗോബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണറുടെ മുന്നില്‍ കുത്തിയിരുന്നു.
ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു.
Discussion about this post