തൃശ്ശൂര്‍: ഊണുകഴിക്കാന്‍ വിലങ്ങ് അഴിച്ചതിന് പിന്നാലെ കവര്‍ച്ചാക്കേസ് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി മണിക് ആണ് പോലീസുകാരടെ കണ്ണ് വെട്ടിച്ച് ഒരു കൈയില്‍ വിലങ്ങുമായി തീവണ്ടിയില്‍ നിന്നും ചാടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ഊണ് കഴിക്കാന്‍ വേണ്ടി വിലങ്ങ് അഴിച്ചിരുന്നു. ആ സമയം പൈങ്കുളം റെയില്‍വേ ഗേറ്റിനും കലാമണ്ഡലം റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലുളള ഭാഗത്ത് തീവണ്ടി വേഗം കുറച്ച് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു.
ഓടുന്നതിനിടെ ഇയാളുടെ മുണ്ട് നഷ്ടപ്പെട്ടിട്ടുണ്ട്. ബനിയനും ട്രൗസറും മാത്രം ധരിച്ച ഒരാള് ഓടിപ്പോവുന്നത് കണ്ടതായി നാട്ടുകാര് പൊലീസിനെ അറിയിച്ചിരുന്നു. ചെറുതുരുത്തി പൊലീസ് തിരച്ചില് ആരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊളളയടിച്ച കേസിലെയും മറ്റ് നിരവധി കേസുകളിലെയും പ്രതിയാണ് മണിക്.