അഹമ്മദാബാദ്: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്ക് ഗുജറാത്തിലേക്കാള്‍ അധികം വായനക്കാര്‍ കേരളത്തിലെന്ന് കണക്കുകള്‍. ആത്മകഥയുടെ ഗുജറാത്തി മൂലകൃതിയെക്കാള്‍ വിറ്റു പോയത് മലയാളം, തമിള്‍ പരിഭാഷകളാണെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
1927ല്‍ നവ്ജീവന്‍ ട്രസ്റ്റ് ഗുജറാത്തിയില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 620,000 കോപ്പികളാണ് ഈ വര്‍ഷം ജൂലൈ വരെ വിറ്റഴിഞ്ഞത്. ഏറ്റവും അധികം കോപ്പികള്‍ വിറ്റഴിഞ്ഞത് ഇംഗ്ലീഷിലാണ്. 1927ല്‍ തന്നെ പുറത്തിറങ്ങിയ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പിന്റെ 2,042,500 കോപ്പികളാണ് ഇത് വരെ വിറ്റഴിഞ്ഞത്.
പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് 1957ലാണ് പുറത്തിറക്കുന്നത്. ഹിന്ദി പതിപ്പിന്റെ 643,000 കോപ്പികളാണ് ഈ വര്‍ഷം ജൂലായ് വരെ വിറ്റുപോയത്. എന്നാല്‍ 1994ല്‍ മാത്രം പുറത്തിറങ്ങിയ പുസ്തകത്തിന്റെ തമിഴ് പതിപ്പ് ഇതു വരെ 700,000 കോപ്പികള്‍ വിറ്റുപോയി.
അതിനു ശേഷം 1997ലാണ് ആത്മകഥയുടെ മലയാളം പതിപ്പ് പുറത്തിറങ്ങുന്നത്. ഇതുവരെ ആത്മകഥയുടെ മലയാളം പതിപ്പിന്റെ 778,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും വായനാ ശീലവുമാണ് ഇതിനുള്ള കാരണമായി നവ്ജീവന്‍ ട്രസ്റ്റിയുടെ മാനേജിങ്ങ് ട്രസ്റ്റി ചൂണ്ടിക്കാട്ടുന്നത്. ‘കേരളത്തിലെ ഞങ്ങളുടെ വിതരണക്കാര്‍ ഒരു ലക്ഷം കോപ്പികള്‍ കൂടി ചോദിച്ചിട്ടുണ്ട്’- അദ്ദേഹം എക്കണോമിക് ടൈംസിനോടു പറഞ്ഞു.