തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരെ പരസ്യവിമർശനവുമായി ഒ രാജഗോപാൽ എംഎൽഎ. പാർട്ടിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് പാർട്ടി പ്രവർത്തനങ്ങളെ ബാധിച്ചതായി ഒ രാജഗോപാൽ എംഎൽഎ പറഞ്ഞു. സമാനമായ സാഹചര്യം ബിജെപിയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി ഓർഡിനൻസ് പാസാക്കിയ വിഷയത്തിൽ ഉൾപ്പടെ പാർട്ടിയിൽ തനിക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് രാജഗോപാലിന്റെ പ്രതികരണം.
പ്രവർത്തന ശൈലി മാറ്റില്ലെന്നും തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷനില്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ എൽഡിഎഫ്-യുഡിഎഫ്് പ്രചാരണത്തെ അതേ തീവ്രതയിൽ ചെറുക്കാൻ ബിജെപിക്ക് സാധിക്കാതെ പോകുന്നതെന്ന് ഒ രാജഗോപാൽ പറഞ്ഞു. ഇത് നേതാക്കളെ അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംയോജിതമായി തീരുമാനമെടുക്കാൻ നേതൃത്വമില്ലാത്ത അവസ്ഥ ഇതാദ്യമാണെന്ന് ഒ രാജഗോപാൽ പറഞ്ഞു. സംസ്ഥാന ബിജെപിയിൽ പ്രതിസന്ധിയുണ്ട്. നാഥനില്ലാ കളരിയെന്ന് പറയുന്നില്ല, അത് കടുത്ത വാക്കാണ്. അതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഒരു പ്രസ്ഥാനത്തിന് നേതാവ്, ചുമതലക്കാരൻ എന്നുപറയാൻ ഒരാൾ ഉണ്ടാകണ്ടേ? ഇങ്ങനൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം അമിത് ഷായെ കത്തിലൂടെയും ജെപി നഡ്ഡയെ നേരിൽ കണ്ടും അറിയിച്ചിട്ടുണ്ട്.-അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ ഏക അംഗമായിട്ടും സർക്കാരിനെതിരെ വേണ്ടവിധം വിമർശിക്കുന്നില്ലെന്ന ആരോപണത്തോട് ‘എന്റെ സംസ്കാരം അനുസരിച്ചല്ലെ എനിക്ക് ചെയ്യാൻ പറ്റുകയുള്ളു. തെറ്റുണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിക്കും. അവരെ അങ്ങ് തെറി പറഞ്ഞാലെ സന്തോഷമുണ്ടാകുവെന്ന് അഭിപ്രായമില്ല’- എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കണ്ണടച്ച് ചീത്തപറയുന്നതല്ല തന്റെ സംസ്കാരമെന്ന് അദ്ദേഹം തുറന്നടിച്ചു. ബിജെപിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാൻ താൻ ഇടപെടില്ലെന്നും ഗ്രൂപ്പിസത്തിന്റെ പാഠം താൻ പഠിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post