കോഴിക്കോട്: കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും തമ്മില്‍ അഭിപ്രായ ഭിന്നത. പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫിനൊപ്പം യോജിച്ച സമരമാണ് വേണ്ടതെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. എന്നാല്‍ യോജിച്ച സമരം ഇനിയുണ്ടാകില്ലെന്ന് ടി സിദ്ദിഖും അഭിപ്രായപ്പെട്ടു.
പൗരത്വനിയമത്തിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യഭൂപടം പരിപാടിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇരു നേതാക്കളും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞത്. പൗരത്വ നിയമത്തിനെതിരെ എല്‍ഡിഎഫിനൊപ്പം യോജിച്ച സമരമാണ് വേണ്ടതെന്നായിരുന്നു ഉമ്മര്‍ പാണ്ടികശാലയുടെ അഭിപ്രായം.
ഇനിയും യോജിച്ച സമരങ്ങള്‍ നടത്താനുള്ള സാധ്യതയുണ്ടെന്നും യോജിച്ച സമരം നടത്തേണ്ടതില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മതിയായ ആലോചനയ്ക്ക് ശേഷം ഇനിയും യോജിച്ച സമരങ്ങള്‍ നടത്തും. ഇവിടെ നടന്ന സമരം തീര്‍ത്തും കക്ഷിരാഷ്ട്രീയത്തിന്റെ അഭിപ്രായത്തിലായിപ്പോയെന്നും എല്‍ഡിഎഫ് നടത്തിയ മനുഷ്യശൃംഖലയില്‍ ആളുകളെ പങ്കെടുപ്പിക്കണമെന്നാഗ്രഹം യുഡിഎഫിന് ഇല്ലാതെ പോയെന്നും ഉമ്മര്‍ പാണ്ടികശാല കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇടുതുമുന്നണി സംഘടിപ്പിക്കുന്ന സമരത്തിന് പിന്നാലെ പോകേണ്ട ഗതികേട് യുഡിഎഫിന് ഇല്ലെന്നായിരുന്നു സിദ്ദിഖിന്റെ അഭിപ്രായം. ഒരുമിച്ചുള്ള സമരത്തെ എതിര്‍ത്തത് ഇടതുമുന്നണിയാണെന്നും ഇനി യോജിച്ച സമരത്തിന് സാധ്യതയില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
Discussion about this post