തൃശ്ശൂര്‍: സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ സഹായങ്ങളുടെ ഗുണഫലം കാസര്‍കോട് ജില്ലയില്‍ ഭാഷാ ന്യൂനപക്ഷ മേഖലയില്‍ പരമാവധി എത്തിക്കണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സര്‍ക്കാര്‍ ധന സഹായ പദ്ധതികളുടെ സമ്പൂര്‍ണ്ണ കന്നട പതിപ്പ് കാസര്‍കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഭാഷാന്യൂനപക്ഷങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കുമ്പള ജില്ലാ സഹകരണ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
കാസര്‍കോട് ജില്ലയില്‍ ഭാഷാ ന്യൂനപക്ഷ മേഖലയില്‍ സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ പരമാവധി എത്തിക്കുന്നതിനാണ് കന്നടയില്‍ സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ സഹായങ്ങളുടെ ഗുണഫലം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സാമൂഹ്യനീതി കൈവരിക്കുന്നതിനും പ്രാദേശിക സര്‍ക്കാരുകളുടെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ പ്രാദേശിക പ്രവര്‍ത്തകര്‍, നേതാക്കള്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ പ്രാദേശിക തലത്തിലുള്ള ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരിലൂടെ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.