പാലാ: രസകരമായതും വായിച്ചിരിക്കാന്‍ പറ്റിയതുമായി നിരവധി കഥകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതില്‍ ചിലത് ജീവിത അനുഭവം ആയിരിക്കാം, അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവിതം കണ്ടറിഞ്ഞതായിരിക്കാം, ഇങ്ങനെ വായിക്കാന്‍ രസകരമായ അനുഭവങ്ങള്‍ തന്നെയായിരിക്കും ഇതില്‍ മിക്കതും. അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കറിച്ചട്ടിയില് നിന്നും അതിജീവനത്തിലേക്ക് എത്തിയ ‘ആയുസി” എന്ന മീനിന്റെ കഥയാണ് ഇത്.
ഒരു വര്‍ഷം പിന്നിട്ട ആ അതിജീവന കഥ കേള്‍ക്കുന്നവര്‍ക്കെല്ലാം അദ്ഭുതമാണ്. ഉഴവൂരിന് സമീപം കൂടപ്പുലം കര്‍ത്താനാകുഴിയില്‍ വീട്ടിലെ സ്വീകരണമുറിയിലുള്ള ബക്കറ്റില്‍ ഇപ്പോഴും ജീവനോടെയുണ്ട് ആ മീന്‍. ഇന്ന് ആ വീട്ടുക്കാര്‍ക്ക് അതൊരു സാധാരണ മീനല്ല.
2018 ഡിസംബര്‍ 12നാണ് ആയുസ് ഈ വീട്ടില്‍ എത്തിയത്. ചെത്തുതൊഴിലാളിയായ ഹരിദാസ് രാവിലെ പത്തോടെ ഉഴവൂര്‍ ചന്തയില്‍ നിന്ന് വീട്ടിലേക്ക് ഒരു കിലോ കായല്‍ മീന്‍ വാങ്ങി. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. മീന്‍ വെട്ടാനായി ഹരിദാസിന്റെ ഭാര്യ അവയെ ചട്ടിയിലിട്ടത് 12 മണിക്ക്. കഴുകുന്നതിനിടെ ഒരു കുഞ്ഞു മീനിന് അനക്കമുണ്ടെന്ന് സംശയം തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവന് വീണ്ടും പിടച്ചു. അതിനെ മുറിക്കാന്‍ മനസുവരാത്ത അവര്‍ പെട്ടെന്ന് അടുത്തുള്ള ബക്കറ്റിലെ വെള്ളത്തിലിട്ടു. പത്തു മിനിട്ടിനുള്ളില്‍ കൊച്ചു മീന്‍ അതിജീവനത്തിലേക്ക് നീന്തിക്കയറി. വീട്ടിലെത്തി അഥിതിക്ക് കുട്ടികള്‍ ‘ആയുസ്” എന്നും പേരിട്ടു.
നിരവധി തവണ ആയുസ് ബക്കറ്റിന് പുറത്തേക്ക് ചാടിയെങ്കിലും ഇവിടനിന്നെല്ലാം വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നു.
വീട്ടുക്കാര് ‘ആയുസേ” എന്ന് വിളിച്ചാല്‍ ഇവന് വെള്ളത്തിന് മുകളില്‍ വരും. വെള്ളത്തിലേക്ക് കൈമുട്ടിച്ചാല്‍ കൈപ്പത്തിയില്‍ ചാടിക്കയറും. വെള്ളത്തില്‍ നിന്നുയര്‍ത്തി മായ ഒരു ചുംബനം സമ്മാനിച്ചാല്‍ ചിറകുകളൊതുക്കി അവന് കണ്ണുകളടയ്ക്കും. ഇതെല്ലാം കേട്ടവര്‍ ഒരു തവണയെങ്കിലും ആയുസിനെ കാണാന്‍ കര്‍ത്താനാകുഴിയിലെ വീട്ടിലേക്കെത്തും.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ബിസ്കറ്റ് തരികള്‍ കഴിക്കും. ഒരുപാട് തവണ മരണത്തിന്റെ വക്കില്‍ എത്തിയിട്ടും ഇവിടെ നിന്നെല്ലാം നീന്തി കയറി അതിജീവനത്തിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആയുസ്.
Discussion about this post