മഞ്ചേരി: എൻപിആറിനായി വിവരങ്ങൾ ശേഖരിക്കാൻ അധ്യാപകരെ ക്ഷണിച്ച് കത്തുനൽകിയതിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ തല്ലിത്തകർത്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നഗരസഭയിലേക്ക് വിവിധ സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ വൻ പ്രതിഷേധവും ഉയർന്നിരിക്കുകയാണ്.
എൻപിആർ വിവരശേഖരണത്തിന് അധ്യാപകരുടെ വിവരങ്ങൾ തേടി മഞ്ചേരി നഗരസഭയിൽ നിന്ന് പ്രധാനാധ്യാപകർക്ക് കത്തയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച ഉത്തരവിന്റെ പകർപ്പ് ഉൾപ്പടെയാണ് നഗരസഭ സെക്രട്ടറി 17 സ്കൂളുകളിലേക്ക് കത്തായി അയച്ചത്.
2021ലെ സെൻസസ് പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് ആവശ്യം. കത്തിനോടൊപ്പമയച്ച ഉത്തരവിൽ എൻപിആർ പുതുക്കുന്നതിന്റെ ഭാഗമാണിതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച ജനുവരി 20ന്റെ തൊട്ടടുത്ത ദിവസമായ 21-നാണ് സെക്രട്ടറി കത്തയച്ചിരിക്കുന്നത്.
Discussion about this post