സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എഴുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡലകാലത്തെ മുന്‍ദിവസങ്ങളിലെന്ന പോലെ നട അടയ്ക്കുന്ന സമയത്ത് നാമജപവുമായി സംഘടിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലും ഹരിവരാസനം ചൊല്ലുന്ന സമയത്തായി നാമജപ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് പോലീസ് ബാരിക്കേഡിനകത്ത് കയറി നാമജപപ്രതിഷേധം നടത്തിയതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
വാവര് നടയ്ക്ക് സമീപത്തുള്ള പോലീസ് ബാരിക്കേഡിനകത്ത് കയറിയായിരുന്നു ഇന്നത്തെ നാമജപം. അറസ്റ്റിലായവരെ വന്‍ പോലീസ് വലയത്തില്‍ പമ്പയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. രണ്ട് ബാച്ചുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത്. പമ്പ സ്റ്റേഷനിലെത്തിച്ച് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ കൊണ്ടുപോകാനായി പോലീസ് ബസുകള്‍ പമ്പയിലേക്ക് തിരിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ പത്തനംതിട്ട എആര്‍ ക്യാംപിലേക്ക് കൊണ്ടു പോയേക്കും എന്നാണ് സൂചന.
Discussion about this post