കൊച്ചി: മരടിൽ നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്ത ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചു. ആദ്യം തകർത്ത ജെയിൻ കോറൽ കോവ്, എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കം ചെയ്യുന്നത്. വരാപ്പുഴയിലേക്കാണ് ഇവ നീക്കം ചെയ്യുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ഫ്‌ളാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചത്.
ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് കമ്പനിയാണ് ഇതിനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത്. കോൺക്രീറ്റ് കൂമ്പാരത്തിന് മുകളിൽ വെള്ളം പമ്പ് ചെയ്തതിന് ശേഷം ലോറികളിലേക്ക് മാറ്റുകയാണ്.
എങ്കിലും വെള്ളം തളിച്ചിട്ടും പൊടിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഗോൾഡൻ കായലോരം, ആൽഫാ സെറീൻ ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രോംപ്റ്റ് കമ്പനി അധികൃതർ പറഞ്ഞു.