തൃശ്ശൂർ: കലാകാരൻ ഉണ്ടാക്കുന്ന നേട്ടങ്ങൾ സ്വന്തം നേട്ടമായി കണ്ട് ആഹ്ലാദവും ആഘോഷവും സംഘടിപ്പിക്കുമ്പോഴും കലയെ ശരിയായി പ്രോത്സാഹിപ്പിക്കാൻ മറക്കുന്നവരെ സ്പർശിക്കുന്ന കുറിപ്പുമായി പ്രശസ്ത കവി ഡോ. സി രാവുണ്ണി. സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി സാംസ്കാരിക വേദികളിൽ സ്ഥിരം സാന്നിധ്യമായ സംവിധായകൻ പ്രിയനന്ദനന്റെ ചിത്രം സൈലൻസർ തീയ്യേറ്ററിലെത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരെ തീയ്യേറ്ററിലേക്ക് ക്ഷണിച്ചാണ് ഡോ. രാവുണ്ണിയുടെ കുറിപ്പ്. ഉദ്ഘാടനങ്ങൾക്ക്, സാംസ്കാരിക സമ്മേളനങ്ങൾക്ക്, പൊതുയോഗങ്ങൾക്ക്, കാഴ്ചയ്ക്ക്, എഴുന്നള്ളിപ്പിന്, അലങ്കാരത്തിന്, എല്ലാം പ്രിയനന്ദനനെ തേടിയെത്തുന്നവർ അദ്ദേഹത്തിന്റെ കലയെ പ്രോത്സാഹിപ്പിക്കാൻ തീയ്യേറ്ററിലെത്താത്തതിന്റെ മനോവ്യഥയും രോഷവും പങ്കുവെയ്ക്കുന്നതാണ് ഫേസ്ബുക്കിലെ ഈ കുറിപ്പ്.
നല്ല നാടകങ്ങൾ ഉണ്ടാക്കിക്കൊണ്ട്. അങ്ങേയറ്റത്തെ ക്ലേശക്കൊടുമുടികൾ ചവിട്ടിക്കയറിയും സങ്കടൽ നീന്തിയും ഓരോ സിനിമയും എടുത്തു കൊണ്ട്.
തനിക്ക് സ്വീകരണങ്ങൾ തന്നവരോ ഉദ്ഘാടനങ്ങൾക്കു വിളിച്ചവരോ ആരെങ്കിലും തന്റെ സിനിമ കാണാൻ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട്. താൻ കൂടി ഉൾപ്പെട്ട കെഎസ്എഫ്ഡിസി നല്ല സിനിമയോടു പുലർത്തുന്ന ശത്രുതാപരമായ നിലപാടിനിരയായി സ്വയം നിന്നെരിഞ്ഞു കൊണ്ട്, പ്രിയൻ ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നും അദ്ദേഹത്തിന്റെ സൈലൻസർ ചിത്രം ഇപ്പോഴും തൃശ്ശൂർ കൈരളി തീയ്യേറ്ററിൽ ഉച്ചക്ക് ഒന്നരയ്ക്ക് പ്രദർശനം നടത്തുന്നുണ്ടെന്നും ഡോ. രാവുണ്ണി ഓരോരുത്തരേയും ഓർമ്മിപ്പിക്കുന്നു.
സ്വന്തം നിലപാട് വ്യക്തമാക്കിയതിന് സംഘപരിവാറിന്റെ ചാണകവെള്ള പ്രയോഗത്തിന് ഇരയാകേണ്ടി വന്നിട്ടും ഒരടി പിന്നോട്ടില്ലാതെ സമരം ചെയ്തും മുദ്രാവാക്യം വിളിച്ചും പൊരുതിയും നമുക്കിടയിൽ തന്നെയുള്ള പ്രിയനന്ദനനെയും കലയേയും കൈവിടാതിരിക്കാനാണ് കുറിപ്പ് ആഹ്വാനം ചെയ്യുന്നത്.
കലാകാരന്റെ പ്രശസ്തി നമുക്ക് വേണം. കല വേണ്ട എന്നതാവരുത് നമ്മുടെ സമീപനമെന്നും വരൂ, സൈലൻസർ കാണൂവെന്നും കവി ഓർമ്മിപ്പിക്കുകയാണ്. സിനിമ കാണൽ വെറും കാഴ്ചയല്ല. അതൊരു സാംസ്കാരിക പ്രവർത്തനമാണ്. നിശ്ചയമായും അത് രാഷ്ട്രീയ പ്രവർത്തനമായും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രിയനന്ദനൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ സൈലൻസറിൽ ലാലും ഇർഷാദുമാണ് മുഖ്യവേഷത്തിലെത്തുന്നത്. എഴുത്തുകാരൻ വൈശാഖന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പിഎൻ ഗോപീകൃഷ്ണനാണ്. ഛായാഗ്രഹണം അശ്വഘോഷനും പശ്ചാത്തല സംഗീതം ബിജിപാലും ഒരുക്കിയിരിക്കുന്നു. ബെൻസി നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കവി ഡോ. സി രാവുണ്ണിയുടെ കുറിപ്പ്:
നമുക്ക് പ്രിയനെ വേണം. ഉദ്ഘാടനങ്ങൾക്ക്. സാംസ്കാരിക സമ്മേളനങ്ങൾക്ക്.പൊതുയോഗങ്ങൾക്ക്. കാഴ്ചയ്ക്ക്.എഴുന്നള്ളിപ്പിന്. അലങ്കാരത്തിന്. പ്രിയനന്ദനനെ നിശ്ചയമായും വേണം.
അദ്ദേഹം ദേശീയ പുരസ്കാരം നേടി മലയാള സിനിമയെ ആകാശത്തോളമുയർത്തി എന്ന് നമ്മളും ആവേശഭരിതരായി. നാടുനീളെ സ്വീകരണം കൊടുത്ത് നമ്മുടെ ഉദാരതയും സാംസ്കാരിക ഔന്നത്യവും പ്രദർശിപ്പിച്ചു. പ്രിയൻ ഇനിയും അവാർഡ് നേടട്ടെ. നമ്മൾ ഇനിയും സ്വീകരണം കൊടുക്കും. ആദരിക്കും .ഉദ്ഘാടനങ്ങൾക്ക് വിളിക്കും.
ഹല്ല പിന്നെ…..
പ്രിയൻ എന്നും ഇവിടെ ഉണ്ടായിരുന്നു. തെരുവിലും. സദസ്സിലും വേദിയിലും .നാടകശാലയിലും മദ്യശാലയിലും സിനിമാശാലയിലും. അക്കാദമി മുറ്റത്തും കലാസമിതിയിലുമൊക്കെ. ജാഥയിൽ അണി നിരന്നും മുദ്രാവാക്യം വിളിച്ചും തർക്കിച്ചും ഏറ്റുമുട്ടിയും പൊരുതിയും സമരം ചെയ്തും നമുക്കിടയിൽത്തന്നെ.
‘വാലാട്ടുന്നവരല്ല കുരയ്ക്കുന്നവരാണ് യഥാർത്ഥനായ്ക്കൾ ‘
എന്നൊക്കെ എന്റെ കവിത കൊണ്ട് എനിക്കു തന്നെ താക്കീത് നല്കിയും. ധീരമായ നിലപാടുകളുടെ പേരിൽ പുലഭ്യം കേട്ടും അക്രമിക്കപ്പെട്ടും ചാണകാഭിഷേകം ചെയ്യപ്പെട്ടും നട്ടെല്ലു വളയ്ക്കാതെ നമുക്കിടയിൽത്തന്നെ. നമ്മുടെ നിശ്ശബ്ദതയ്ക്ക് പ്രായശ്ചിത്തം ചെയ്തു കൊണ്ട്. നല്ല നാടകങ്ങൾ ഉണ്ടാക്കിക്കൊണ്ട്. അങ്ങേയറ്റത്തെ ക്ലേശക്കൊടുമുടികൾ ചവിട്ടിക്കയറിയും സങ്കടൽ നീന്തിയും ഓരോ സിനിമയും എടുത്തു കൊണ്ട്. തനിക്ക് സ്വീകരണങ്ങൾ തന്നവരോ ഉദ്ഘാടനങ്ങൾക്കു വിളിച്ചവരോ ആരെങ്കിലും തന്റെ സിനിമ കാണാൻ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് .താൻ കൂടി ഉൾപ്പെട്ട കെ എസ് എഫ് ഡി സി നല്ല സിനിമയോടു പുലർത്തുന്ന ശത്രുതാപരമായ നിലപാടിനിരയായി സ്വയം നിന്നെരിഞ്ഞു കൊണ്ട്. പ്രിയൻ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. സൈലൻസർ ഇതാ ഇപ്പോഴും തിയേറ്ററിൽ ഉണ്ട്. (തൃശൂർ കൈരളി തിയ്യേറ്ററിൽ ഉച്ചക്ക് ഒന്നരയ്ക്കാണ് പ്രദർശനം) വൈശാഖൻ മാഷ്ടെ പ്രസിദ്ധമായ രചന.ലാലിന്റെയും ഇർഷാദിന്റെയും ഗംഭീരമായ അഭിനയം.അശ്വഘോഷന്റെ മികച്ച ഫോട്ടോഗ്രാഫി.ഗോപീകൃഷ്ണന്റെ ഒന്നാന്തരം രചന. പ്രിയന്റെ ഗംഭീരമായ ചലച്ചിത്ര സാക്ഷാത്ക്കാരം. കലാകാരന്റെ പ്രശസ്തി നമുക്ക് വേണം. കല വേണ്ട എന്നതാവരുത് നമ്മുടെ സമീപനം. വരൂ. സൈലൻസർ കാണൂ. സിനിമ കാണൽ വെറും കാഴ്ചയല്ല. അതൊരു സാംസ്കാരിക പ്രവർത്തനമാണ്. നിശ്ചയമായും അത് രാഷ്ട്രീയ പ്രവർത്തനമായും മാറും. അതിനാൽ വരിക വരിക സഹജരേ.
Discussion about this post