കൊച്ചി; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റയ്ക്കല്ലെന്നും യുഡിഎഫ് കൂടെയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.
ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോപിച്ചു.കേരളാ ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ ക്രമക്കേട് നടത്തി. നഷ്ടം ലാഭമായി കാണിച്ച് ബാലന്‍സ് ഷീറ്റുണ്ടാക്കിയാണ് ബാങ്ക് രൂപീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം റിസര്‍വ് ബാങ്ക് നടത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കേരളാ ബാങ്കിനെതിരെ പ്രതിഷേധിക്കുന്നവരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും സഹകരണ ഉദ്യോഗസ്ഥരെ ഇതിനായി ഉപയോഗിക്കുകയാണെന്നും ചടങ്ങില്‍ വിമര്‍ശനം ഉയര്‍ന്നു. കേരള ബാങ്കുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടും ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തതായി സംഗമത്തില്‍ വിമര്‍ശനമുണ്ടായി.
Discussion about this post