തിരുവനന്തപുരം: കെപിസിസി ഭാരവാഹിത്വ പട്ടികയെ ചൊല്ലി ഉടലെടുത്ത തർക്കങ്ങൾക്ക് അവസാനമാകുന്നില്ല. പാർട്ടി പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ പാടില്ലെന്നും വിലക്കിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കെ മുരളീധരൻ എംപി രംഗത്ത്. ഭാരവാഹി പട്ടികയ്ക്കെതിരെ കടുത്ത വിമർശനമുന്നിച്ചതിനാണ് കെ മുരളീധരനെ വിമർശിച്ചിരുന്നത്.
ബൂത്തിലിരിക്കേണ്ടവരെല്ലാം കെപിസിസിയിലെത്തിയെന്നും ബിജെപി സ്ഥാനാർത്ഥികൾ പോലും ലിസ്റ്റിലുണ്ടെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾക്ക് വിരുദ്ധമാണ് പുറത്ത് വന്ന പുനസംഘടനാ ലിസ്റ്റെന്നുമായിരുന്നു കെ മുരളീധരന്റെ വിമർശനം. സോനയുടേയും മോഹൻ ശങ്കറിന്റെയും ഭാരവാഹിത്വത്തെ പരസ്യമായി വിമർശിച്ച മുരളീധരന് പട്ടികയിൽ അനർഹരാരും ഇല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെ മുരളീധരൻ കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞ് നോക്കണമെന്നും മുല്ലപ്പള്ളി തുറന്നടിക്കുകയും ചെയ്തിരുന്നു.
ഇതിനി മറുപടിയുമായി എത്തിയ മുരളീധരൻ അച്ചടക്കം എല്ലാവർക്കും ബാധകമാണ്, പരസ്യ പ്രസ്താവന പാടില്ലെന്ന് തന്നെയാണ് പറയാനുള്ളതെന്നും പറഞ്ഞു. ശൗര്യം കാണിക്കേണ്ടത് മോഡിയോടും പിണറായിയോടും ആണെന്നും മുല്ലപ്പള്ളിയോട് മുരളീധരൻ ഓർമ്മിപ്പിച്ചു.
പാർട്ടിവിട്ട് പോയി തിരിച്ച് വന്നത് ഓർമ്മിപ്പിക്കാൻ പുറകിലോട്ട് നോക്കണമെന്ന മുല്ലപ്പള്ളിയുടെ വാക്കുകൾക്ക് പുറകോട്ട് നോക്കുമ്പോൾ ഒന്നും കാണാനില്ലെന്നായിരുന്നു കെ മുരളീധരൻറെ മറുപടി.
Discussion about this post