കോട്ടയം: കെപിസിസി ഭാരവാഹികളായി നൂറിലേറെ പേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുപോലും സ്ത്രീകളെ തഴഞ്ഞെന്ന ആക്ഷേപവുമായി കോൺഗ്രസ് നേതാവ് ലതിക സുഭാഷ്. ജംബോ പട്ടിക ഹൈക്കമാന്റെ തള്ളിയതോടെ 45 ഭാരവാഹികളുടെ പട്ടികയുമായി കെപിസിസി മുന്നോട്ട് വന്നെങ്കിലും അതിലും വനിതകൾക്ക് കാര്യമായ പ്രാതിനിധ്യമില്ലെന്ന് ലതിക സുഭാഷ് ചൂണ്ടിക്കാണിക്കുന്നു.
വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവിലേതെന്ന് ലതിക സുഭാഷ് നിലപാടെടുത്തു. ജനറൽ സെക്രട്ടറിമാരിൽ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാർഹമാണെന്ന് ലതികാ സുഭാഷ് പറഞ്ഞു.
തന്റെ പരാതി നേരിട്ട് നേതൃത്വത്തെ അറിയിക്കാനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകൾക്ക് മതിയായ പ്രാതിനിധ്യം വേണം. ഭാരവാഹി പട്ടികയിൽ വനിതകളെ ഉൾപ്പെടുത്താൻ നേതൃത്വം തയ്യാറാകണമെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായ ലതിക സുഭാഷ് ആവശ്യപ്പെട്ടു. കോട്ടയത്ത് വാർത്താ സമ്മേളനത്തിലാണ് ലതിക സുഭാഷ് ആക്ഷേപം ഉന്നയിച്ചത്.
Discussion about this post