ആലപ്പുഴ: കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ നവവധൂവരന്മാർ പങ്കെടുത്ത ഒരു റാലിയെന്ന ചരിത്രം പൗരത്വ നിയമഭേദഗതിക്കെതിരായ എൽഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയ്ക്ക് സ്വന്തം. മനുഷ്യശൃംഖലയിൽ പങ്കുചേർന്നത് നിരവധി നവ വധൂവരൻമാരാണ്. ആലപ്പുഴ ചേർത്തലയിൽ നിന്നുള്ള വിഷ്ണുവും ശരണ്യയും വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കിയശേഷം വിവാഹവേഷത്തിൽ മനുഷ്യശൃംഖലയിൽ പങ്കെടുക്കാനെത്തുകയായിരുന്നു.
ഇന്ന് രാവിലെ വധൂഗൃഹത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹവേദിയിൽ നിന്നാണ് ഇരുവരും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. ചേർത്തലയിലാണ് ഇരുവരും മനുഷ്യശൃംഖലയിൽ പങ്കുചേർന്നത്.
കായംകുളം സ്വദേശികളായ ഷെഹ്ന-ഷിനു ദമ്പതിമാരും വിവാഹ വേഷത്തിൽ തന്നെ പ്രതിഷേധ വേദിയിലേക്ക് എത്തിയിരുന്നു. യു പ്രതിഭ എംഎൽഎയും ഇവർക്കൊപ്പം എത്തിയിരുന്നു. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും ഇവർക്ക് പിന്തുണയുമായെത്തി.
കുമാരപുരം സ്വദേശികളായ ഡിവൈഎഫ്ഐ നേതാവായ രതീഷും ആതിരയും വിവാഹവേദിയിൽ നിന്നെത്തി മനുഷ്യശൃംഖലയിൽ പങ്കെടുത്തു. ഇവരുടെ കുടുംബവും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഈ ദമ്പതികളെ കൂടാതെ നിരവധി നവ വധൂവരൻമാരാണ് മനുഷ്യശൃംഖലയിൽ പങ്കെടുക്കാൻ എത്തി ചരിത്രം തിരുത്തിയത്.
Discussion about this post