കൊച്ചി: വെള്ള കാറുകൾ മാത്രം തേടിപ്പിടിച്ച് തന്റെ സ്‌പോർട്‌സ് കാർ കൊണ്ട് ഇടിച്ചുതകർത്ത് തൃക്കാക്കരയിൽ കാർ ഡ്രൈവറുടെ പരാക്രമം. ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങൾ ഇടിച്ചു തകർത്ത ഡ്രൈവരെ രോഷാകുലരായ നാട്ടുകീർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊച്ചിൻ പബ്ലിക് സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
ഇതേ സ്‌കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളാണ് ഇയാൾ തകർത്തത്. പരാക്രമം കണിച്ച ഡ്രൈവറും ഇതേ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. തന്റെ ഇക്കോ സ്‌പോർട്‌സ് കാർ കൊണ്ട്, ചുറ്റുമുണ്ടായിരുന്ന മറ്റു കാറുകളെ തലങ്ങും വിലങ്ങും ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാറുകളുടെ ഹെഡ്‌ലൈറ്റുകളും ബമ്പറും ഉൾപ്പടെയുള്ളവ തകർന്നിട്ടുണ്ട്.
അതേസമയം, ഗ്രൗണ്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്രയേറെ നാശനഷ്ടങ്ങൾ വരുത്തിയിട്ടും കാറിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതിരുന്ന ഡ്രൈവറെ, ചില്ല് പൊളിച്ചാണ് രോഷാകുലരായ നാട്ടുകാർ പിടികൂടിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡ്രൈവറെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.