തിരുവനന്തപുരം: കേരളത്തിന്റെ തന്നെ പ്രതിഷേധ സ്വരമായി എൽഡിഎഫ് മുന്നിൽ നിന്നും നയിച്ച മനുഷ്യ മഹാശൃംഖല. പൗരത്വ നിയമഭേദഗതിക്കെതിരായ ശക്തമായ താക്കീത് കേന്ദ്രത്തിന് നൽകാൻ കൊച്ചു കേരളത്തിന് സാധിക്കുന്നതായിരുന്നു ജനങ്ങൾ ഒരേ മനസോടെ അണിനിരന്ന മഹാറാലി. നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി എൽഡിഎഫ് സംഘടപ്പിച്ച മനുഷ്യ മഹാശൃംഖല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. പൗരത്വ നിയമം പാസാക്കിയതിനെതിരെ ശക്തമായി പ്രതിഷേധം ഉയർത്തിയ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ പാടില്ലെന്ന് കേരളം അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി കേരളം നിലനിൽക്കുന്നുവെന്നതിൽ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഇല്ലാതെ തന്നെ കടുത്ത പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കേരളത്തിന് സാധിച്ചു. ഇത് കേരളത്തിന്റെ തനിമയുടെ ഭാഗമാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഒരു നാടിന് മാത്രമാണ് ഇത്തരമൊരു രീതി അംഗീകരിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പ്രക്ഷോഭങ്ങളുടെ കൂട്ടത്തിലുള്ള ഏറ്റവും ഉയർന്നനിരയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളും പങ്കെടുത്തുകൊണ്ടുള്ള മനുഷ്യ മഹാശൃഖല ഇപ്പോൾ അതിനുമപ്പുറം കടന്ന് ഭൂരിഭാഗം ജില്ലകളിലും മനുഷ്യ മതിലായി മാറി. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തതാണെങ്കിലും പൗരത്വ ഭേദഗതി നിയമം പാസാക്കിയതിൽ പ്രതിഷേധമുള്ള നമ്മുടെ രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും എത്തിച്ചേരണമെന്ന് പറഞ്ഞിരുന്നു. അതാണ് ഇന്നിവിടെ കണ്ടത് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിൽ ആക്കാനുള്ള നീക്കം എത്രമാത്രം പ്രതിഷേധമാണ് ഉയർത്തിയതെന്ന് നാം കണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികളും യുവാക്കളും മഹാപണ്ഡിതന്മാരുമെല്ലാം പ്രക്ഷോഭത്തിൽ അണിനിരന്നത് നാം കണ്ടു. കലാസാഹിത്യ രംഗത്തുള്ളവർ തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു. ലോകമാകെ ഈ നിലപാടിനെതിരെ രംഗത്ത് വന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദ് ചെയ്യുന്ന നിലയിലേക്കെത്തി. വിവിധ രാജ്യങ്ങൾ ഇത് തിരുത്തണം എന്ന് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ പോലും അത്തരം അഭിപ്രായം രേഖപ്പെടുത്തുന്നു നിലയുണ്ടായി. ലോകമാകെ ഈ കാടത്തത്തിനെതിരെ രംഗത്ത് വന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യം വലിയ തോതിലുള്ള പ്രതിഷേധം ഉയർത്തി. അതിന്റെയെല്ലാം മുന്നിൽ കേരളമാകെ മനുഷ്യമതിലായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കാസർകോടുമുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് മനുഷ്യ മഹാശൃംഖലയിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നമുക്ക് വിശ്രമിക്കാനുള്ള സമയമായിട്ടില്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ ഭരണഘടനയെ അപകടപ്പെടുത്തുന്നതാണ്. മതനിരപേക്ഷത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ പറയുന്നതൊന്നും നടപ്പാക്കുന്ന നാടല്ല കേരളമെന്ന് നമ്മൾ നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷെ നമുക്ക് വിശ്രമിക്കാൻ പറ്റില്ല. നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണം മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post