‘ഇത് മുസ്‌ലിങ്ങളുടെ മാത്രം പ്രശ്‌നമല്ല’; റിപ്പബ്ലിക് ദിനത്തിൽ പൗരത്വ ഭേദഗതിക്ക് എതിരെ പള്ളികളിൽ ഇടയ ലേഖനവും ഭരണഘടനയുടെ ആമുഖ വായനയും

കൊച്ചി: രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ ഞായറാഴ്ച കുർബാനയിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇടയലേഖനം വായിച്ച് ലത്തീൻ സഭ. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നതെന്ന് സഭയുടെ ഇടയലേഖനത്തിൽ പറയുന്നു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് വിവിധ പള്ളികളിൽ ഇടയലേഖനം വായിച്ചത്. ഇത് മുസ്‌ലിങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ സർവ്വ ജനങ്ങളുടെയും പ്രശ്‌നമാണെന്നും ഇടയലേഖനത്തിൽ പറയുന്നു. ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്നത്.

ബില്ലിന്റ ആന്തരിക അർത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോൾ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടും. മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഇടയലേഖനത്തിന് പറയുന്നുണ്ട്.

ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും വിശ്വാസികളോടായി സഭ ആഹ്വാനം ചെയ്യുന്നു. എറണാകുളം ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും തിരുവനന്തപുരത്ത് ആർച്ച് ബിഷപ്പ് ഡോ. സുസേപാക്യവും ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.

Exit mobile version