തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വിലകളിൽ കാര്യമായ മാറ്റം വരുന്നു. കാരുണ്യ ലോട്ടറിയുടെ വില 50 രൂപയിൽ നിന്നു 40 രൂപയാക്കി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. മറ്റു 6 ലോട്ടറി ടിക്കറ്റുകളുടെ വില 30 രൂപയിൽ നിന്നു 40 രൂപയാക്കി വർധിപ്പിക്കാനും തീരുമാനമായി. ഈ മാറ്റങ്ങൾ മാർച്ച് ഒന്നിനു നിലവിൽ വരും. ലോട്ടറി ടിക്കറ്റിന്റെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചതു കാരണം ഏജന്റുമാരുടെ വരുമാനവും സമ്മാനത്തുകയും കുറയാതിരിക്കുന്നതിനു വേണ്ടിയാണു ടിക്കറ്റ് വില വർധിപ്പിക്കുന്നതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്ക് പറഞ്ഞു.
നിലവിൽ 2000 ടിക്കറ്റു വരെ എടുക്കുന്നവർക്ക് 24%, 2001 മുതൽ 10000 ടിക്കറ്റു വരെ എടുക്കുന്നവർക്ക് 24.5%, 10000ന് മുകളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് 25.25% എന്നിങ്ങനെ 3 സ്ലാബുകളിലായാണ് ഡിസ്കൗണ്ട് നൽകുന്നത്. ഇത് 23.5%, 24.25%, 25% എന്നിങ്ങനെ പരിഷ്കരിക്കും. 30 രൂപയായിരുന്നപ്പോൾ ആദ്യത്തെ സ്ലാബിൽ ഒരു ടിക്കറ്റിന് 6.43 രൂപയാണു ഏജന്റിനു കിട്ടിയിരുന്നത്. ഇനി ഇത് 7.34 രൂപയായി ഉയരും. രണ്ടാമത്തെ സ്ലാബിൽ 6.56 രൂപയിൽ നിന്നു 7.57 രൂപയായും മൂന്നാമത്തെ സ്ലാബിൽ 6.76 രൂപയിൽ നിന്നു 7.81 രൂപയായും വർധിക്കും.
14.8 ശതമാനമായിരുന്ന സർക്കാരിന്റെ ലാഭവിഹിതം ശരാശരി 6.6 ശതമാനമായി കുറയും. പുതിയ സമ്മാന വിഹിതം (പഴയതു ബ്രാക്കറ്റിൽ): പൗർണമി 57.7% (51.94%). വിൻവിൻ 58.11% (51.84%). സ്ത്രീശക്തി 57.9% (51.94%). അക്ഷയ 58.28% (52.01%). കാരുണ്യ പ്ലസ് 58.08% (51.99%). നിർമൽ 58.11% (51.86%). കാരുണ്യ 57.94% (51.94%).
അതേസമയം 12% ജിഎസ്ടി ഈടാക്കുന്നതിനാൽ ഇപ്പോൾ അതിന്റെ പകുതിയായ 6% മാത്രമാണു സർക്കാരിനു ലഭിച്ചിരുന്നത്. ജിഎസ്ടി 28% ആകുന്നതോടെ 14% സംസ്ഥാന സർക്കാരിനു ലഭിക്കും.
Discussion about this post